കൂത്താട്ടുകുളം: നഗരസഭയുടെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സ്നേഹസ്പർശം 2026 കുടുംബസംഗമം സംഘടിപ്പിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ മുഖ്യപ്രഭാഷണം നടത്തി. സിഎച്ച്സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജോജോ ജോൺ സന്ദേശം നൽകി. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഫാ. ജോൺ എർണ്യാകുളത്തിൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ഭാസ്കരൻ പ്രസംഗിച്ചു.
പാലിയേറ്റീവ് പരിചരണ രംഗത്ത് രോഗികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. നഗരസഭയിലെ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആതുര ചികിത്സാരംഗത്ത് വിവിധ തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.